Saturday, September 7, 2024

George-My friend

                                                          

ജോർജ് എന്റെ അടുത്ത കൂട്ടുകാരനായിരുന്നു. നാലാംക്‌ളാസിലെ മദ്യവേനലാവധികലത്താണ് ഞാൻ ആദ്യമായി ജോർജിനെ കാണുന്നത്. ആ നാട്ടിൽ ആദ്യമായിട്ടായിരുന്നത് കൊണ്ട് അധികമാരെയും അറിയില്ലായിരുന്നു.

അച്ഛന്റെ നാടായിരുന്നു പെരിന്തട്ട. അമ്മയും ഞങ്ങൾ ആറു മക്കളും പയ്യന്നുറിനടുത്ത കണ്ടങ്കളിയിലായിരുന്നു. അച്ഛന് പെട്ടെന്ന് അസുഖം വന്നത് കൊണ്ട് അമ്മ ഞങ്ങളെയും കൂട്ടി ഇങ്ങോട്ട് പൊന്നു.

ഒരു പറിച്ചുനടലിന്റെ പേടിയും പരിഭ്രമവും ഒക്കെ നല്ലോണം ഉണ്ടായിരുന്നു. ആദ്യമായി പരിചയപ്പെട്ടത് ജോർജിനെ ആയിരുന്നു. പെരിന്തത്ത നോർത്ത് എൽ പി സ്കൂളിൽ നാലാം ക്‌ളാസിലായിരുന്നു. എനിക്ക് സന്തോഷമായി. കാരണം അടുത്തവർഷം അഞ്ചിൽ എന്റെ കൂടെ ജോർജും ഉണ്ടാവുമല്ലോ.

തിരുവിതംകൂർ ഭാഷ അല്പം നര്മം കലർത്തി എല്ലാവരെയും രസിപ്പിക്കാൻ ജോർജിനു കഴിയുമായിരുന്നു. അവധിക്കാലത്തു ജോർജിനു കടലാമുട്ടായി കച്ചവടമായിരുന്നു. അമ്മച്ചി ഉണ്ടാക്കിക്കൊടുത്തുവിടുന്നതാണ്. ഞങളുടെ കൂടെ കളിക്കുമെങ്കിലും ശ്രദ്ധ കൂടുതലും കച്ചവടത്തിൽ തന്നെ. രണ്ടു കശുവണ്ടി കൊടുത്താൽ ഒരു കടലമുട്ടായി തരും.

ജോർജ് ഞങ്ങളെക്കാളും അല്പം തടിച്ചിട്ടായിരുന്നു. അതുകൊണ്ട് തന്നെ ഒരു കമാൻഡ് ഉണ്ടായിരുന്നു എല്ലാവരിലും. പിന്നെ കടലമുട്ടായിയുടെ രുചിയും ഞങ്ങളെ ജോർജിനോട് എളുപ്പം അടുപ്പിച്ചു.

സ്കൂൾ തുറന്നപ്പോ ഞങ്ങളെല്ലാം ഒരേ ക്ലാസ്സിലായിരുന്നു. കുഞ്ഞി രാമന്മാഷേ ഞങ്ങൾക്ക് പേടിയാരുന്നു. കേളു മാഷും ഗോപാലൻ മാഷും ഞങ്ങളെ സ്വാധീനീച്ചോ എന്നറിയില്ല. പുതുതായി വന്ന രാഘവൻ മാഷേ ഞങ്ങൾക്കെല്ലാം ഇഷ്ടമായിരുന്നു.

ഇപ്പം ജോർജിനു കടലമുട്ടായി കച്ചവടമില്ല. അല്ലെങ്കിലും കശുവണ്ടി സീസൺ കഴിഞ്ഞല്ലോ. പഠിക്കാനും ജോർജ് മിടുക്കനായിരുന്നു. ഞാൻ ആ സ്കൂളിൽ പുതുമുഖമായിരുന്നു. അനിയൻ ഒന്നാം ക്ലാസ്സിലും ആ വർഷം ചേർന്നു. ഞങ്ങൾ രണ്ടാളും മാത്രമാണ് പുതുമുഖങ്ങൾ.

വർഷം പെട്ടെന്ന് കഴിഞ്ഞു. അഞ്ചു കഴിഞ്ഞാൽ സ്കൂൾ മാറണം. പെരിന്തട്ടാ അഞ്ചാം ക്ലാസ്സ്‌ വരെയേ ഉള്ളു. ഇനി മാത്തിലോ പെരിങ്ങോതോ പോകണം. പെരിങ്ങോതു ഏഴു വരെയേ ഉള്ളൂ. അതുകൊണ്ട് മാത്തിലാണെന്നെ ചേർത്തത്. മാത്തിൽ പോകണമെങ്കിൽ ദൂരം കുറെയുണ്ട്. രണ്ടു കിലോമീറ്റർ നടക്കണം. പിന്നെ ഒരു ആറു കിലോമീറ്റർ ബസ്സിലും പോണം.

അന്ന് ചെറുപുഴ- പയ്യന്നൂർ റൂട്ടിൽ രണ്ടു ബസ്സ് ആണ്. KLC 683 ഉം KLC 1456. ആദ്യത്തേത് പെട്ടിവണ്ടി. ഏട്ടമുക്കാലിന് ആരവന്ചാൻലിൽ വരും. ഭയങ്കര തിരക്കായിരിക്കും. എന്നാലും എങ്ങിനെയെങ്കിലും കയറിപ്പറ്റണം. രണ്ടാമത്തേത് മെയിൽ വണ്ടിയാണ്. സ്റ്റോപ്പിൽ നിർത്തിക്കിട്ടാൻ പാടാണ്. പെട്ടിവണ്ടി കിട്ടില്ലെങ്കിൽ ഞങ്ങളെല്ലാവരും ആറു കിലോമീറ്റർ കൂടി നടക്കാറാണ് പതിവ്.

ഇതൊക്കെ കൊണ്ടായിരിക്കണം ജോർജിനെയും മറ്റും പെരിങ്ങോത്തെ സ്കൂളിലാണ് ചേർത്തത്. പെരിതട്ടയിൽ നിന്ന് എളുപ്പ വഴിയിൽ നടന്നാൽ മൂന്ന് കിലോമീറ്ററെ പെരിങ്ങോതേക്കുള്ളു. അവധി ദിവസങ്ങളിയിലൊക്കെ ജോർജിനെ കാണും. കളിചിരിയും കൂട്ടുമൊക്കെ ഒരു രസമായിരുന്നു.

ജോർജ് ഒരു ബിസിനസ്‌ കാരനോ അല്ലെങ്കിൽ നല്ലൊരു ടീച്ചറോ ആവും എന്നാ ഞാൻ വിചാരിച്ചതു. പക്ഷെ വിധി വേറെ ഒരു രൂപത്തിലാണ് വന്നത്. എഴിൽ പഠിക്കുമ്പോ ഒരു ദിവസം ആരോ പറഞ്ഞു ജോർജിനെ പാമ്പ് കടിച്ചെന്നു. സന്ധ്യ ആയികാണും. ആരാവഞ്ചൽ നിന്ന് വീട്ടിലേക്കു വരുമ്പോൾ ആണ് വിഷം തീണ്ടിയത്. പിറകെ വന്ന ആരോ കണ്ടതാണ് മരിച്ചു കിടക്കുന്നതു. ശരീരം നീല നിറമായിരുന്നു. കരിമൂര്ഖൻ ആണ് കടിച്ചതെന്നു പറയുന്ന കേട്ടു. ഒന്ന് കാണാൻ പോലും കഴിഞ്ഞില്ല.

അറുപതു വയസ്സിനു ശേഷവും ജോർജിനെ കുറിച്ച് ഒരു നഷ്ടബോധത്തോടെ ഓർത്തെടുക്കാൻ കഴിയുന്നുണ്ട്‌കിൽ ആ ചെറിയ സൗഹൃദം അത്രത്തോളം ദൃഢമായിരുന്നിരിക്കണം. ഒരു പക്ഷെ മാത്തിൽ സ്കുളിൽ ആയിരുന്നു ചേർന്നിരുന്നതെങ്കിൽ അവനിപ്പോഴും നമ്മുടെ കൂടെ ഉണ്ടാവുമായിരുന്നു എന്ന് ചിന്തിക്കാനെ കഴിയൂ.

No comments:

Post a Comment