നല്ല ഉറക്കമായിരുന്നു. പെട്ടെന്നെന്തോ ദുസ്വപ്നം കണ്ടിട്ടെന്നോണം ഞെട്ടി ഉണർന്നു. ആരോ ഞരങ്ങുന്നത് പോലെ തോന്നി. രണ്ടു ദിവസം മുമ്പ് കണ്ട സിനിമയിലെ രംഗമാണോ.
സ്ഥലകാലബോധം തിരിച്ചു കിട്ടിയപ്പോഴാണ് മനസ്സിലായത് ഇത് ദാസിന്റെ ശബ്ദമല്ലേ. ദാസ് എന്ന് വിളിക്കുന്ന ദേവദാസ്. എന്റെ കൂടെ അഞ്ചാം ക്ലാസ്സിൽ പഠിച്ച അയൽക്കാരൻ. അല്പം സത്ര്യണ സ്വഭാവം ഉള്ളത് കൊണ്ടായിരിക്കും എല്ലാരും ദാസിനെ കളിയാക്കും. അത് കൊണ്ടായിരിക്കും അഞ്ചാം ക്ലാസ്സിൽ പഠിപ്പ് നിർത്തി. വീട്ടിൽ പച്ചകറി കൃഷിയും പശുവളർത്തലും ഉണ്ട്. ദാസ് പഠിപ്പ് നിർത്തി അമ്മയെ സഹായിക്കാൻ തുടങ്ങി. രണ്ടു വർഷം കഴിയുമ്പോഴേക്കും അല്പസല്പം സമ്പാദിക്കാനും തുടങ്ങി. അടുത്ത വീട്ടിലായത് കൊണ്ട് സ്കൂളില്ലാത്ത ദിവസ്സങ്ങളിൽ ഞാൻ ദാസിന്റെ അടുത്ത് പോകും. പച്ചക്കറി തോട്ടത്തിലൂടെ നടന്നാൽ കക്കിരി കോളുന്തും പയറും പറിച്ചു തിന്നാം. ദാസിന്റെ പശുക്കളും പാവങ്ങളാണ്. തൊടാനും തലോടാനും നിന്ന് തരും.
അവധിക്കാലം രാവിലെ മുതൽ കളിയാണ്. അന്നൊരു ഞാറാഴ്ച ആണെന്ന് തോന്നുന്നു. തൊട്ടിനക്കരേ ഒരു ചെറിയ പാടത്തിൽ ഞങ്ങൾ കളിക്കുകയായിരുന്നു. ഞാനും രാജനും ദാമുവും. അവർ രണ്ടു പേരും എന്നെക്കാൾ ഒരു വയസ്സിനു ഇളയതാണ്. വേനൽകാലമായതുകൊണ്ട്
വയലിൽ അങ്ങിങ് കുറച്ചു പച്ചപ്പെ ഉള്ളു. കുറച്ചുകഴിഞ്ഞപ്പോൾ ദാസ് പശുവുമായി അങ്ങോട്ടേക്ക്
വന്നു. വയലിന്റെ നടുക്കുള്ള കവുങ്ങിന്റെ കുറ്റിയിൽ പശുവിനെ കെട്ടി,
മേയാൻ വിട്ട് ഞങ്ങളൊപ്പം കളിക്കാൻ കൂടി.
ഏകദേശം ഒരു മണിക്കൂർ
കളിച്ചുകാണും. അപ്പോഴേക്കും ദാസ് പശൂനെ അഴിച്ചു പോകാൻ തിരക്ക് കൂട്ടി.
മറ്റു രണ്ടുപേരും അടുത്തുപോയി തടസ്സം നിന്നു. ആ
ബഹളത്തിനിടയിൽ പശു ഓടി. കൊല്ലിതോടിന്റെ നേർക്കാണ് ഓടിയത്.
ഞാൻ നിൽക്കുന്നത് ആ ഭാഗത്തായിരുന്നു. പെട്ടെന്നാണ്
എനിക്ക് മനസ്സിലായത് പശു ദാസിനെയും വലിച്ചു കൊണ്ടാണോടുന്നതെന്നു. ബഹളത്തിനിടയിൽ ആരോ ഒരാൾ കയറിന്റെ കുടുക്ക് ദാസിന്റെ കഴുത്തിലിട്ടെന്ന് തോന്നുന്നു.
പെട്ടെന്ന് എന്ത് ചെയ്യാൻ പറ്റുമെന്നു ആലോചിച്ചു. പശു എന്റെ അടുത്ത് എത്തിക്കഴിഞ്ഞു. എന്തെങ്കിലും പെട്ടെന്ന്
ചെയ്യാൻ പറ്റിയില്ലേൽ ദാസിന്റെ ജീവൻ അപകടത്തിലാവും. ഞാൻ പശുവിന്റെ
കഴുത്തിലെ കയറിൽ പിടിച്ചു. പശു ഒന്ന് നിന്നെന്നു തോന്നി.
പെട്ടെന്ന് തല ഒന്ന് കുടഞ്ഞു മേലോട്ട് ചാടി. പശുവിന്റെ
കൊമ്പ് എന്റെ ശരീരത്തിൽ എവിടെയോ തട്ടി. ആ വേദനയിൽ ഞാൻ ബോധം നഷ്ടപ്പെട്ടു
താഴെ വീണു.
ബോധം വന്ന് എണീറ്റപ്പോൾ
ആദ്യം ഒന്നും ഓർമ വന്നില്ല. പതുക്കെ ആണ് നടന്നത് എന്താണെന്നു ഓർത്തെടുക്കാൻ
കഴിഞ്ഞത്. കൂട്ടുകാരെ രണ്ട് പേരെയും കണ്ടില്ല. കൊല്ലിതോടിന്റെ ഭാഗത്തു നിന്നു ഒരു ഞരക്കം കേൾക്കുന്ന പോലെ. അമ്മേ എന്ന നേർത്ത വിളി. ഇത് ദാസാണ്. അപകടം നടന്നിരിക്കുന്നു. ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക്
ഓടി. കൈതച്ചെടിയുടെ ഇടയിലൂടെ വേണം പോകാൻ. ശരീരത്തിൽ മുള്ളു കൊണ്ട് വേദനിക്കുന്നു. നൂണും മണങ്ങിയും
ദാസിന്റെ അടുത്തെത്തി. ശരീരം നിറയെ രക്തം പൊടിയുന്നു.
കഴുത്തിൽ കയർ മുറുകികിടക്കുന്നു. മൂളുന്നുണ്ട്.
ജീവനുണ്ട് എന്നെ പറയാൻ പറ്റു. ഞാൻ കഴുത്തിൽ നിന്നു
കയർ മാറ്റാൻ നോക്കി. പറ്റുന്നില്ല. മുറുകികിടക്കുകയാണ്.
രണ്ടു വലിയ കല്ലിന്റെ ഇടയിലാണ്. കല്ലിനു കുടുങ്ങി
കിടക്കുന്നതു കൊണ്ടാവണം പശുവിന് മുന്നോട്ടു പോവാൻ പറ്റാത്തത്. ദൈവമേ ആ കല്ലുകൾ തടസ്സം നിന്നില്ലെങ്കിൽ. പത്തു പതിനഞ്ചു
മീറ്ററിനപ്പുറം വെള്ളമുള്ള തൊടാണ്. ഞാൻ പശു നിൽക്കുന്ന ഭാഗത്തേക്ക്
പോയി. തൊടിന്റെ അടുത്തായി അത് അനങ്ങാതെ നില്കുന്നുണ്ട്.
അതിനും കാര്യത്തിന്റെ ഗൗരവം പിടി കിട്ടിയ പോലെ. ഞാൻ പതുക്കെ കഴുത്തിലെ കയർ വിടുവിച്ചു. പശു വീട്ടിലേക്കു
ഓടിപോയി. ഞാൻ തോട്ടിൽ നിന്നു കൈക്കുമ്പിളിൽ വെള്ളം കോരി ദാസിന്റെ
അടുത്തെത്തി. അപ്പോഴേക്കും കയ്യിലെ വെള്ളം തീർന്നിരുന്നു.
നനഞ്ഞ കൈ കൊണ്ട് മുഖം തുടച്ചു.
ദാസ് പതുക്കെ കണ്ണ് തുറന്നു. നേര്യ ശബ്ദത്തിൽ ചോദിച്ചു.
‘രവീ എനിക്കെന്താ പറ്റിയത്. ഞാൻ ഒന്നുമില്ലെന്ന്
തലയാട്ടി. വീട്ടിൽ പോയി ആരെയെങ്കിലും വിളിച്ചിട്ട് വരാമെന്നു
പറഞ്ഞ് ഞാൻ ദാസിന്റെ വീട്ടിലേക്കോടി.
പശു അപ്പോഴേക്കും
അവിടെ എത്തിയിരുന്നു. കഴുത്തിൽ കയറില്ലാതെ പശു വരുന്നത് കണ്ടപ്പോഴേ ദാസിന്റെ അമ്മക്ക്
സംശയം തോന്നിയിരുന്നു എന്നെനിക്കു മനസ്സിലായി. എന്താ മോനെ പറ്റിയത്?
ദാസനെവിടെ? ഞാൻ പറഞ്ഞ് ദാസ് കയറു കുടുങ്ങി കൊല്ലിതോട്ടിൽ
വീണു. എനിക്ക് എണീപ്പിക്കാൻ പറ്റുന്നില്ല. ആരെങ്കിലും വരണം. അത് കേട്ട പാടെ അമ്മ നിലവിളിക്കാൻ തുടങ്ങി.
അപ്പോഴേക്കും ദാസിന്റെ ഏട്ടനും അമ്മാവനും വന്നു. ഞാൻ അവരുടെ മുമ്പിൽ സ്ഥലത്തേക്ക് ഓടി. നിലവിളിച്ചു കൊണ്ട്
അമ്മയും വന്നു. എല്ലാവരും കൂടി ദാസനെ എടുത്തു വീട്ടിലേക്കു വന്നു.
അപ്പോഴേക്കും എന്റെ വീട്ടിൽ നിന്നും എല്ലാവരും എത്തി. എന്നോടെന്തൊക്കെയോ ചോദിച്ചു. ദാസനെ ജീപ്പിൽ കേറ്റി ആശുപത്രിയിൽ
കൊണ്ടുപോയി. ഞാൻ പിന്നെ അവിടെ നിന്നില്ല.
കുറച്ചു കഴിഞ്ഞു
എന്റെ അമ്മ വന്നു. എന്തെക്കൊയോ ഉച്ചത്തിൽ പറയുന്നുണ്ട്. വന്ന പാടെ എന്നെ തല്ലാൻ തുടങ്ങി. കൈ കൊണ്ടും പിന്നെ വടി
കൊണ്ടും അടിച്ചു. ദാസനു എന്തെങ്കിലും പറ്റിയാൽ പിന്നെ നിന്നെ
ഈ വീട്ടിൽ കാണാൻ പാടില്ല എന്നൊക്കെ പറഞ്ഞ്. ഞാനല്ല ചെയ്തത് എന്ന്
പറഞ്ഞിട്ട് ആരു കേൾക്കാൻ.
ഞാൻ മുറിയിൽ
പോയി പായയിൽ കിടന്നു. ശരീരം മൊത്തം വേദന. അമ്മ പറഞ്ഞതൊക്കെ
കേട്ടപ്പോൾ മനസ്സ് മരവിച്ച മാതിരി. ഇപ്പൊ ഞാനായി കുറ്റക്കാരൻ.
സംഭവ സമയത്തു ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് എല്ലാവരും കരുതി.
അതായിരിക്കണം എന്നെ സംശയിക്കാൻ കാരണം. ഇനിയിപ്പോ
മറ്റു രണ്ടു പേരും പോയി എന്റെ പേര് പറഞ്ഞ് കാണുമോ? ആരാണ് ചെയ്തതെന്ന്
ഞാൻ ആരോടും ഇതുവരെ പറഞ്ഞിട്ടില്ല. ആരാണ് കഴുത്തിൽ കയറിട്ടതെന്നു
എനിക്ക് അറിയില്ലായിരുന്നു. എന്തായാലും ഇങ്ങിനെയൊക്കെ ചെയ്തിട്ട്
രണ്ടു പേരും ഓടിപ്പോയത് തീരെ ശരിയായില്ല എന്നറിയാം. ദാസിന്റെ
ജീവന് എന്തെങ്കിലും പറ്റിയാൽ പിന്നെ ഞാൻ മറ്റുള്ളവരുടെ മുമ്പിൽ ഒരു കൊലപാതകി ആകില്ലേ.
ആലോചിക്കുമ്പോൾ തന്നെ പേടിയാകുന്നു. നല്ലോണം വിശക്കുന്നുണ്ട്,
ഒന്നും കഴിച്ചിട്ടില്ല. താത്ക്കാലം എല്ലാം സഹിക്കുക
തന്നെ. വേറെ എന്താ ചെയ്ക.
കുറെ കഴിഞ്ഞപ്പോൾ
അമ്മ വീണ്ടും മുറിയിൽ വന്നു. വീണ്ടും തല്ലാനാണോ! രവീ എണീറ്റു വാ, എന്നിട്ട് എന്തെങ്കിലും കഴിക്ക് എന്ന്
പറഞ്ഞു. എനിക്കൊന്നും വേണ്ട എന്ന് ഞാൻ ദ്വേഷ്യത്തോടെ പറഞ്ഞു.
അപ്പോഴാ അമ്മ പറഞ്ഞത്, ദാസ് കണ്ണ് തുറന്നു,
കുഴപ്പമൊന്നുമില്ല. ആദ്യം ചോദിച്ചത് നിന്നെയാണ്.
നിന്നെ കാണണമെന്ന് പറഞ്ഞു. നടന്നതെല്ലാം പറഞ്ഞു.
നാളെ രാവിലെ നിന്നെ ആശുപത്രിയിൽ കൊണ്ട് പോകാം എന്ന് കൂടി പറഞ്ഞ് അമ്മ
പോയി.
ദൈവം എന്റെ കൂടെയുണ്ടല്ലോ
എന്ന് തോന്നി. എന്നാലും എന്തെങ്കിലും കഴിക്കാൻ എന്റെ ദുരഭിമാനം അനുവദിച്ചില്ല.
എപ്പോഴോ ഉറങ്ങി പോയി.
രാവിലെ എഴുന്നേറ്റു, പല്ല്
തേച്ചു ഭക്ഷണവും കഴിച്ച് ആശുപത്രിയിൽ പോകാൻ തയ്യാറായി. പയ്യന്നൂർ
ആശുപത്രിയിലക്ക് ജീപ്പിലാണ് പോയത്. ദാസിനെ കണ്ടു. മുഖത്തും ശരീരത്തിലുമൊക്കെ മുള്ളിന്റെ പോറൽ കാണാം. മുഖത്ത്
അല്പം നീര് വച്ചിട്ടുണ്ട്. എന്നെ കണ്ട പാടെ കരയാൻ തുടങ്ങി.
എനിക്ക് എന്ത് പറയണമെന്നുമറിയില്ല. ദാസ് പറഞ്ഞു
രവീ നീ വന്നില്ലെകിൽ ഞാൻ ഇങ്ങിനെ ഉണ്ടാവ്വോ. നീ അല്ലെ എന്റെ ജീവൻ
രക്ഷിച്ചത്. എനിക്ക് പറയണമെന്നുണ്ടായിരുന്നു, അതിനല്ലേ ഇന്നലെ പൊതിരെ തല്ലു കിട്ടിയത്. ഞാൻ ഒന്നും
പറഞ്ഞില്ല. മറ്റു സുഹൃത്തുക്കളെ കുറിച്ച് ആരും ഒന്നും ചോദിച്ചുമില്ല,
ഞാൻ പറഞ്ഞുമില്ല. അത് അങ്ങിനെ കിടക്കട്ടെ.
ദാസിനെ ഡിസ്ചാർജ് ചെയ്തു ഞങ്ങൾ ഒരുമിച്ചാണ് മടങ്ങിയത്. സത്യത്തിൽ ദാസിനു മാത്രമല്ല എനിക്കും ഒരു പുനർജ്ജന്മം കിട്ടിയ പോലെ.